മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാന് മോചനം

മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ സിആര്‍പിഎഫ് ജവാനെ മോചിപ്പിച്ചു. സിആര്‍പിഎഫ് ജവാന്‍ രാജേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ് മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. മധ്യസ്ഥ ചര്‍ച്ചക്കൊടുവിലാണ് മോചനം സാധ്യമായത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് സിആര്‍പിഎഫ് ജവാന്‍ രാജേശ്വര്‍ സിംഗ് മന്‍ഹാസിനെ കാണാതായത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ചിത്രം മാവോയിസ്റ്റുകള്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് മോചനം.

സിആര്‍പിഎഫ് ജവാന്‍ നിലവില്‍ സിആര്‍പിഎഫ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. രാജേശ്വര്‍ സിംഗ് മന്‍ഹാസിന്റെ മോചനത്തില്‍ സന്തോഷമെന്ന് ജവാന്റെ ഭാര്യ പ്രതികരിച്ചു. സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് അറിയിച്ചതെന്നും ജവാന്റെ ഭാര്യ പറഞ്ഞു. ഏപ്രില്‍ മൂന്നിനാണ് ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ടുവെന്നായിരുന്നു ആദ്യം വന്ന വന്ന വാര്‍ത്ത.എന്നാല്‍ പിന്നീടാണ് 22 സൈനികര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നത്. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.