ഡോളര്‍ കടത്ത് കേസ് : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല

ഡോളര്‍ കടത്ത് കേസില്‍ കേരളാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. അസുഖമുള്ളതിനാല്‍ ഹാജരാകില്ലെന്നാണ് കസ്റ്റംസിന് നല്‍കിയിരിക്കുന്ന വിശദീകരണം. ഇന്ന് രാവിലെ 11- ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിരുന്നത്. ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കര്‍ക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാര്‍ജയില്‍ ഇതേ കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നത്.

സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കര്‍ക്കര്‍ക്ക് എതിരായുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ലഫീര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴാണ് സ്പീക്കറുടെ പേര് വെളിപ്പെടുത്തിയത്.