തപാല്‍ വോട്ടില്‍ തിരിമറി ; തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്

തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തു നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുകയാണ്. ഇത് ഫലപ്രദമായി തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നേരത്തെ വോട്ട് ചെയ്തവര്‍ക്കും തപാല്‍ വോട്ടിനുള്ള ബാലറ്റ് പോസ്റ്റലായും വരികയാണ്. ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും. നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവര്‍ക്ക് ഇപ്പോള്‍ അവരുടെ വീട്ടിലെ വിലാസത്തിലോ ഓഫീസ് വിലാസത്തിലോ ആണ് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുന്നത്. പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവരെ വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യേണ്ടതായിരുന്നു. അതു നോക്കി ഒരിക്കല്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാല്‍ വോട്ട് അയയ്ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയതായി ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്രമക്കേട് തടയാന്‍ അഞ്ച് നിര്‍ദേശങ്ങളും ചെന്നിത്തല മുന്നോട്ടുവെച്ചു.

85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ വോട്ടുകള്‍ വീടുകളില്‍ പോയി ശേഖരിച്ചതിനെപ്പറ്റിയും വ്യാപകമായ പരാതികള്‍ ലഭിച്ചു. നടപടി ക്രമങ്ങള്‍ പലേടത്തും അട്ടിമറിക്കപ്പെട്ടു. ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ വോട്ട് കളക്ട് ചെയ്യുന്നതിന് നിയോഗിച്ചത്. അവര്‍ വ്യാപകമായി കൃത്രിമം നടത്തി.പോസ്റ്റല്‍ വോട്ടില്‍ തിരിമറി തടയുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.