ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചു
ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ഭര്‍ത്താവും എഡിന്‍ബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടിഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചതെന്ന് രാജകുടുംബം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നു .കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത് .
വാര്‍ദ്ധക്യസഹജമായ നിരവധി അസുഖങ്ങള്‍ മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. 2017 ഓഗസ്റ്റിലാണ് അദ്ദേഹം 65 വര്‍ഷം നീണ്ട പൊതുജീവിതത്തില്‍ നിന്നു വിടവാങ്ങിയത്. 1921 ജൂണ്‍ 10ന് ഗ്രീക്ക്-ഡാനിഷ് രാജകുടുംബത്തില്‍ ജനിച്ച ഫിലിപ്, ബ്രിട്ടിഷ് നാവികസേനാംഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അദ്ദേഹം ബ്രിട്ടീഷ് നാവികസേനായിലും സേവനം അനുഷ്ഠിച്ചു. 1947 നവംബര്‍ 20നാണ് ഫിലിപ്പും എലിസബത്തും വിവാഹിതരായത്. 1952ല്‍ എലിസബത്ത് ബ്രിട്ടിഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചിരുന്നു. 150ഓളം രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.