കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം

ഒരു വശത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഇടയില്‍ സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമം. വിവിധ ജില്ലകളില്‍ വാക്സിന്‍ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതല്‍ വാക്സിനെത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നല്‍കാനുള്ള വാക്സിന്‍ മാത്രമേ തിരുവനന്തപുരം ജില്ലയില്‍ സ്റ്റോക്കുള്ളൂ. എത്രയും പെട്ടെന്ന് വാക്സിന്‍ എത്തിയില്ലെങ്കില്‍ വിതരണം അവതാളത്തിലാകും എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

45 വയസിന് മുകളിലുള്ളവര്‍ക്കുള്ള മെഗാ വാക്സിനേഷന്‍ ക്യാന്വുകളടക്കം മുടങ്ങാനാണ് സാധ്യത. മറ്റു പല സംസ്ഥാനങ്ങളിലും വാക്സിന്‍ ക്ഷാമം രൂക്ഷമായതിനാല്‍ പല വാക്സിനേഷന്‍ സെന്ററുകള്‍ അടച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തിലും വാക്സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 45 വയസിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ കുത്തിവെയ്പ്പ് എടുക്കുന്നതിനുള്ള കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് വാക്സിന്‍ ക്ഷാമം കൂടെയെത്തുന്നത്.