സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ്

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കോവിഡ് പോസറ്റീവ്. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആണുള്ളത്. അടുത്ത ദിവസങ്ങളില്‍ സ്പീക്കറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് പത്രകുറിപ്പില്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പ്രമുഖര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് കൂടിവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി കെ. പി മോഹനന്‍, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ വാര്‍ത്ത വന്നതിന് പിന്നാലെയാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തി വെള്ളിയാഴ്ചയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത് . വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയിരുന്നു.

കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്തതിനു പിന്നാലെ പേട്ടയിലെ ഫ്‌ലാറ്റിലും കസ്റ്റംസ് പരിശോധന. പി.ശ്രീരാമകൃഷ്ണന്‍ സരിത്തിന് ഡോളര്‍ കൈമാറിയെന്ന് പറയുന്ന ഫ്‌ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. ഈ ഫ്‌ളാറ്റില്‍ വച്ച് സ്പീക്കര്‍ പണം കൈമാറിയെന്നാണ് സരിത്തിന്റെ മൊഴി. ഈ ഫ്‌ലാറ്റില്‍ സ്പീക്കര്‍ താമസിക്കാറുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഔദ്യോഗിക വസതിയില്‍ എത്തി സ്പീക്കറെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്‌ലാറ്റില്‍ പരിശോധനയ്‌ക്കെത്തിയത്.