ഡോളര്‍ കടത്ത് ; സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു
ഡോളര്‍ കടത്ത് കേസില്‍ കേരളാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ എത്തി വെള്ളിയാഴ്ചയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത് . വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ കസ്റ്റംസ് സൂപ്രണ്ട് നേരിട്ട് എത്തിയത്.
കസ്റ്റംസ് സംഘം സ്പീക്കറെ നാലു മണിക്കൂറോളം ചോദ്യം ചെയ്‌തെന്നാണ് വിവരം. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്ന വിവരമാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്നത്. ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടു തവണ കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
നോരത്തെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന നല്‍കിയ മൊഴി പുറത്തു വന്നിരുന്നു. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. ചാക്കയിലെ ഫ്‌ലാറ്റ് തന്റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്‌ലാറ്റിലേക്ക് വിളിച്ചിട്ടും താന്‍ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് കീഴ്‌പെടാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.