ഗൂഗിള്‍ മാപ്പ് നോക്കി വഴി തെറ്റി വരനും സംഘവുമെത്തിയത് മറ്റൊരു വിവാഹച്ചടങ്ങില്‍
ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് രസകരമായ ഇത്തരമൊരു സംഭവം അരങ്ങേറിയത്. ഗൂഗിള്‍ മാപ്പ് പണി കൊടുത്തത് കാരണം വരനും കൂട്ടരും കുറച്ചൊന്നുമല്ല ചമ്മിയത്. ഗൂഗിള്‍ മാപ്പ് നോക്കി വരനും സംഘവും എത്തിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലാണ്. അതേസമയം ആള് മാറി എന്ന് അറിയാത്ത വരനെയും സംഘത്തെയും സ്വീകരിച്ചിരുത്തിയ ‘വധുവിന്റെ’ ബന്ധുക്കള്‍ സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ കൂട്ടത്തില്‍ പരിചയം ഉള്ള ആരെയും കാണാതെ വന്നതോടെ വരന്റെ ബന്ധുക്കളിലൊരാള്‍ക്ക് സംശയമായി. ഇതോടെയാണ് അബദ്ധം മനസിലായതും തെറ്റായ സ്ഥലത്താണ് എത്തിച്ചേര്‍ന്നതെന്ന് ഇവര്‍ തിരിച്ചറിഞ്ഞതും. വിവാഹവും വിവാഹനിശ്ചയ ചടങ്ങും ഒരേ ഗ്രാമത്തില്‍ തന്നെയായിരുന്നു. ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതു.
ഇടയ്ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി വാഹനം നിര്‍ത്തേണ്ടി വന്നതിനാലാണ് ‘ശരിക്കുള്ള വരനും’ സംഘവും എത്താന്‍ അല്‍പം വൈകിയത്. അതിനുള്ളില്‍ വലിയൊരു അബദ്ധം സംഭവിക്കുകയും ചെയ്തു. കെണ്ടല്‍ സ്വദേശിയായിരുന്നു യഥാര്‍ത്ഥ ഭാവി വരന്‍. എന്നാല്‍ ‘വഴിതെറ്റി’യെത്തിയ വരന്‍ പെമലാംഗ് സ്വദേശിയും. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സഹായത്തോടെ വരനും സംഘവും ശരിക്കുള്ള വിവാഹ വേദിയില്‍ എത്തുകയും ചെയ്തു.