ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിംഗ് ; സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞു ; സംഭവം പാലക്കാട്

പാലക്കാട്ട് ക്ഷേത്രത്തിനു ഉള്ളില്‍ നടന്ന സിനിമാ ചിത്രീകരണം തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്. ഷൂട്ടിംഗ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. മീനാക്ഷി ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന നീയാം നദി എന്ന സിനിമയുടെ ചിത്രീകരണമാണ് തടഞ്ഞത്. ഹിന്ദു- മുസ്ലിം പ്രണയം പ്രമേയം ആക്കിയ സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ലൗ ജിഹാദാണിതെന്നും ക്ഷേത്ര പരിസരത്ത് മുസ്ലിം മത അടയാളങ്ങള്‍ കൊണ്ടുള്ള ചിത്രീകരണം പാടില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാദിച്ചതായും വിവരം. പൊലീസ് ഇടപെട്ട് ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. ചര്‍ച്ചയ്ക്ക് ശേഷം ആയിരിക്കും ചിത്രീകരണം പുനരാരംഭിക്കുന്നതില്‍ തീരുമാനമാകുക.

ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ സിനിമയുടെ കഥ പറയണമെന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.