മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ മരണം കൊലപാതകമോ ? ദുരൂഹതയേറുന്നു

ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന ലഭിച്ച സാഹചര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. റൂറല്‍ എസ് പി ഫോറന്‍സിക് സര്‍ജന്റെ മൊഴി എടുത്തു.

ഒരാള്‍ തൂങ്ങിമരിച്ചതിനെക്കാള്‍ അസാധാരണത്വം രതീഷിന്റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ് മോര്‍ട്ടം ചെയ്ത കോഴിക്കോട് ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ട്. ശ്വാസം മുട്ടിച്ചതായ സൂചന ശരീരത്തിലുണ്ട്. മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് റൂറല്‍ എസ്പി തന്നെ നേരിട്ടെത്തി ഫോറന്‍സിക് മേധാവിയുടെ മൊഴിയെടുത്തത്.

നാദാപുരം ഡിവൈഎസ്പി പി.എ ശിവദാസിന്റെ നേതൃത്വത്തില്‍ പൊലീസും സൈബര്‍ സെല്‍ വിദഗ്ധരും ചെക്യാട്ട് സംഭവം നടന്ന സ്ഥലത്ത് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു ജോസഫ് പ്രദേശവാസികളുടെ മൊഴി എടുത്തു. ഇതിനിടെ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. രതീഷിന്റെ മരണത്തില്‍ സംശയമുണ്ടെന്നാണ് കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.