മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി
രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നത്. എസ്. ശര്‍മ്മയും, നിയമസഭാ സെക്രട്ടറിയും നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.
പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന നിയമോപദേശമാണ് ലഭിച്ചതെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. പക്ഷേ ഈ വാദങ്ങളെല്ലാം തള്ളിയാണ് സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇപ്പോഴത്തെ നിയമസഭയിലെ സഭാംഗങ്ങള്‍ക്കാണ് വോട്ടു ചെയ്യാനുള്ള അവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിലവിലെ നിയമസഭാംഗങ്ങളുമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ട് പേരെ വിജയിപ്പിക്കാന്‍ സിപിഎമ്മിന് കഴിയും. നേരത്തെ ഈ നിയമസഭയുടെ കാലാവധിക്കുള്ളില്‍ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ കാരണം വിശദമാക്കാന്‍ ഹൈക്കോടതി കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.