മന്‍സൂര്‍ കൊലക്കേസ് : കൊലപാതകത്തിന് മുമ്പ് പ്രതികള്‍ ഒരുമിച്ച് കൂടിയ ദൃശ്യങ്ങള്‍ പുറത്ത്

മന്‍സൂര്‍ വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവര്‍ കൊലപാതകത്തിന് മുമ്പ് ഒരുമിച്ചു കൂടിയെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതകം നടക്കുന്നതിന് അല്‍പസമയം മുമ്പുള്ള ദൃശ്യങ്ങളാണിത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട്ടിലേക്ക് പോകുന്ന ഇടവഴിക്ക് തൊട്ടുമുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഈ ദൃശ്യങ്ങളിലുളള ആരെയും പ്രതി ചേര്‍ക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് മന്‍സൂറിന്റെ കുടുംബം ആരോപിക്കുന്നത്. ദൃശ്യങ്ങള്‍ പരിശോധിച്ച് അതിലുള്ളവരെ കസ്റ്റഡിയിലെടുത്താല്‍ കൂടുതല്‍ വ്യക്തത വരുമെന്നും കുടുംബം പറയുന്നു. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ചാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. ഇവിടേക്ക് ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് പാനൂര്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന് നേരെ ആക്രമണം നടന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മന്‍സൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തില്‍ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിന് ആണ് അന്വേഷണത്തിന്റെ നേതൃത്വചുമതല. കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി.സ്പര്‍ജന്‍കുമാറിന് ആണ് ഏകോപന ചുമതല.