ബോട്ട് കപ്പലില്‍ ഇടിച്ച് 3 മത്സ്യതൊഴിലാളികള്‍ മരിച്ചു

മത്സ്യബന്ധനബോട്ട് കപ്പലില്‍ ഇടിച്ച് 3 മത്സ്യതൊഴിലാളികള്‍ മരിച്ചു. 9 പേരെ കാണാതായി. രണ്ട് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. മംഗലാപുരത്ത് വെച്ചാണ് ബോട്ട് അപകടത്തില്‍ പെട്ടത്. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കപ്പലില്‍ ഇടിച്ച ബോട്ട് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. കാണാതായ നാല് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മംഗളൂരു തീരസംരക്ഷണ സേനയുടേയും തീരദേശ പൊലീസിന്റേയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കുള്ള പരിശോധന. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബേപ്പൂര്‍ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍ തകര്‍ന്ന ബോട്ട്. റബ്ബ എന്നാണ് അപകടത്തില്‍പ്പെട്ട ബോട്ടിന്റെ പേര്. അതേസമയം ഇടിച്ച കപ്പലിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.