ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് വാക്‌സിന് വിലക്ക്
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിന് യു.എസില്‍ താല്‍ക്കാലിക വിലക്ക്. വാക്സിന്‍ ഇതിനോടകം 68 ലക്ഷം പേര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഇവരില്‍ ചുരുക്കം ചിലര്‍ക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക വാക്സിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 6 പേര്‍ക്കാണ് ഈ അപൂര്‍വ അവസ്ഥ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇത്തരം അവസ്ഥ അപൂര്‍വമാണ് എങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്സിന്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഫുഡ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം അധികൃതര്‍ പറയുന്നത്. രാജ്യത്തെ മെഡിക്കല്‍ ഗവേഷക സംഘമായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വാക്സിന്‍ സംബന്ധിച്ച കേസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുംവരെയാണ് വാക്സിന്‍ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.