ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍

കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ 9 മണിക്ക് അടക്കണമെന്ന നിര്‍ദ്ദേശത്തിനു എതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. തീരുമാനം അപ്രായോഗികമെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാത്രി 11 മണി വരെയെങ്കിലും ഹോട്ടല്‍ തുറക്കാന്‍ അനുവദിക്കണം. റംസാന്‍ കാലത്ത് കച്ചവടം കുറയുന്നതും വ്യാപാരികള്‍ക്ക് തിരിച്ചടിയായി.

ഒരിടവേളക്ക് ശേഷം വ്യാപാരം പച്ചപിടിച്ച് വരുന്നതിനിടെയാണ് ഇരുട്ടടിയായി വീണ്ടും നിയന്ത്രണങ്ങള്‍ വരുന്നത്. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്തോടെ ഹോട്ടലുകളില്‍ കച്ചവടം പകുതിയായി കുറയും. റംസാന്‍ നോമ്പ് ആരംഭിച്ചതോടെ പകല്‍ കച്ചവടവും പ്രതിസന്ധിയിലാണ്. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഹോട്ടലുകളില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച് രാത്രി 11:00 വരെയെങ്കിലും തുറക്കാന്‍ അനുവദിക്കണം. പകുതി സീറ്റില്‍ മാത്രം ആളുകളെ പ്രവേശിക്കാന്‍ പാടുള്ളൂ എന്നതിലും ഇളവുനല്‍കണമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പറഞ്ഞു.