സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല ; മഹാരാഷ്ട്രയില്‍ നാളെ മുതല്‍ നിരോധനാജ്ഞ

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നാളെ രാത്രി എട്ട് മുതല്‍ അടുത്ത 15 ദിവസം സംസ്ഥാനത്ത് സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പെട്രോള്‍ പമ്പ്, ഐ ടി സ്ഥാപനങ്ങള്‍, മെഡിക്കല്‍- ടെലികോം മേഖല എന്നിവ പ്രവര്‍ത്തിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് തടസമില്ല. മറ്റ് ഓഫീസുകള്‍ അടഞ്ഞ് കിടക്കും.കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. അവശ്യ സേവന മേഖലകള്‍ മാത്രം പ്രവര്‍ത്തിക്കും.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണ്. പുതുതായി 620,212 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 218 പേര്‍ രോഗം ബാധിച്ച് മരിച്ചു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സ്ഥിതി ഭിന്നമല്ല. 13468 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 81 പേര്‍ മരിച്ചു. മഹാരാഷ്ട്ര കടന്നുപോകുന്നത് ദുഷ്‌കരമായ സമയത്തിലൂടെയാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ‘നാളെ രാത്രി എട്ടുമണി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. സംസ്ഥാനത്താകെ 144 ഏര്‍പ്പെടുത്തുകയാണ്. ഇതിനെ ഞാന്‍ ലോക്ക്ഡൗണ്‍ എന്ന് വിളിക്കില്ല’ – ഉദ്ദവ് താക്കറെ പറഞ്ഞു.