പിണറായി സര്‍ക്കാരില്‍ അഞ്ചാം വര്ഷം അഞ്ചാം രാജി ; തുടക്കത്തിലും ഒടുക്കത്തിലും പാരയായത് ബന്ധു നിയമനം

പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്ന് അഞ്ചു വര്‍ഷത്തിനിടെ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയായി കെ ടി ജലീല്‍. ഇ പി ജയരാജന്‍ ആണ് ആദ്യം രാജി വെച്ച മന്ത്രി. ജലീലിനെ പോലെ ബന്ധുനിയമന വിവാദത്തിലാണ് ഇ പി ജയരാജന്‍ രാജിവെച്ചത്. പിണറായി സര്‍ക്കാരിലെ ആദ്യ രാജിയും അവസാന രാജിയും ബന്ധുനിയമന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. വ്യവസായ മന്ത്രി ഇ. പി ജയരാജന്‍, ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍, തോമസ് ചാണ്ടി, മാത്യു ടി തോമസ് എനിവരാണ് മുമ്പ് രാജിവെച്ചത്.

ചാനലിന്റെ ഫോണ്‍ കെണി എ കെ ശശീന്ദ്രന് വിനയായപ്പോള്‍ കായല്‍ കൈയ്യേറ്റവും അനധികൃത റിസോര്‍ട്ടുമാണ് തോമസ് ചാണ്ടിയുടെ മന്ത്രി കസേര തെറിപ്പിച്ചത്. പാര്‍ട്ടിയിലെ മുന്‍ ധാരണപ്രകാരമാണ് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസിന്റെ രാജിയിലേക്ക് നയിച്ചത്. 2016 ഒക്ടോബര്‍ മാസമാണ് ഇ പി ജയരാജന്റെ രാജി. ജയരാജന്റെ ബന്ധുവും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി. കെ ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇ പി ജയരാജന്‍ രാജിവെച്ചത്. വ്യവസായവകുപ്പിലെ നിയമനത്തില്‍ മന്ത്രിക്ക് ജാഗ്രത കുറവ് ഉണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തുകയും ചെയ്തിരുന്നു. പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ ചിറ്റ് വാങ്ങി ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.

2017 മാര്‍ച്ചില്‍ ഒരു സ്ത്രീയുമായുള്ള അശ്ലീല സംഭാഷണം ഒരു ചാനല്‍ വഴി പുറത്തുവന്നതോടെയാണ് എ കെ ശശീന്ദ്രന്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചത്. മന്ത്രി ഒരു സ്ത്രീയെ വിളിച്ച് അശ്ലീല സംഭാഷണം നടത്തുന്നത് ശബ്ദരേഖ സഹിതം ചാനല്‍ പുറത്തു വിടുകയായിരുന്നു. ഇത് വലിയ വിവാദമായതോടെ മന്ത്രി രാജിവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പകരക്കാരനായി വന്ന തോമസ് ചാണ്ടി രാജിവെച്ചതോടെ എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. അതിനിടെ ഫോണ്‍ കെണി കേസില്‍ അനുരജ്ഞനം ഉടലെടുക്കുകയും കേസ് ഒതുക്കി തീര്‍ക്കുകയും ചെയ്തു.

2017 ല്‍ തന്നെ നവംബര്‍ ആയപ്പോള്‍ കായല്‍ കൈയ്യേറ്റ വിവാദത്തില്‍ തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. മുന്നണിയും സര്‍ക്കാരും കൈവിട്ടിട്ടും രാജിവെക്കില്ലെന്ന നിലപാടില്‍ അവസാനം വരെ ഉറച്ചുനിന്ന തോമസ് ചാണ്ടിയെ താഴെയിറക്കിയത് എന്‍ സി പി ദേശീയ നേതൃത്വത്തിന്റെ നിലപാടായിരുന്നു. മുഖ്യമന്ത്രിയും വി എസ് അച്യുതാനന്ദനും സിപിഐ നേതൃത്വവും തുടക്കം മുതല്‍ തോമസ് ചാണ്ടിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. എന്‍സിപി സംസ്ഥാന നേതൃത്വം തോമസ് ചാണ്ടി രാജിവെക്കേണ്ടതില്ലെന്നു വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തോമസ് ചാണ്ടിക്ക് പടിയിറങ്ങേണ്ടി വന്നത്.

2018 നവംബര്‍ ആയപ്പോള്‍ മുന്‍ ധാരണ പ്രകാരമാണ് മാത്യു ടി തോമസ് ജലവിഭവ മന്ത്രിസ്ഥാനം രാജിവെച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം മന്ത്രിസ്ഥാനം വെച്ചുമാറാമെന്ന ജനതാദള്‍ സംസ്ഥാന ഘടകത്തിലെ ധാരണപ്രകാരമായിരുന്നു രാജി. മാത്യു ടി തോമസിന് പകരം പാലക്കാട് ചിറ്റൂരില്‍നിന്നുള്ള എം എല്‍ എ കെ. കൃഷ്ണന്‍കുട്ടിയാണ് മന്ത്രിസ്ഥാനത്ത് എത്തിയത്. മന്ത്രിപദം വെച്ചുമാറുന്നത് സംബന്ധിച്ച നിര്‍ദേശം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ നേരത്തെ അംഗീകരിച്ചിരുന്നു.

അവസാനമായി പിണറായി മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് 2021 കെ ടി ജലീലിന്റെ പടിയിറക്കം. സര്‍ക്കാരിനെ വലിയരീതിയില്‍ പിടിച്ചുകുലുക്കിയ ബന്ധുനിയമനം ഉണ്ടായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇത്രയും കാലം പാര്‍ട്ടിയും മുഖ്യമന്ത്രിയും ജലീലിന് ഒപ്പം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വന്ന ലോകായുക്ത ഉത്തരവ് ജലീലിന്റെ രാജി അനിവാര്യമാക്കുകയായിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ നടന്നപ്പോഴും ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായിരുന്നു. എന്നാല്‍ അന്നൊക്കെ രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന മന്ത്രിക്ക് പക്ഷേ ലോകായുക്ത ഉത്തരവിന് മുന്നില്‍ മുട്ടുമടക്കേണ്ടിവരികയായിരുന്നു.