സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ; എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. 12-ാം ക്ലാസ് പരീക്ഷ നടത്തുന്നത് മാറ്റി വെക്കുകയും ചെയ്തു. രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 12-ാം ക്ലാസിന്റെ പരീക്ഷ പിന്നീട് അറിയിക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസിന്റെ മൂല്യനിര്‍ണയം. മെയ് മാസം മുതല്‍ നടക്കാനിരിയ്ക്കുന്ന CBSE Board Exam 2021 മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നടങ്കം മുന്നോട്ടു വന്നിരുന്നു. ഓണ്‍ലൈന്‍ മോഡില്‍ പരീക്ഷ നടത്തണമെന്നായിരുന്നു ഇവര്‍ CBSE യോട് അഭ്യര്‍ഥിച്ചിരുന്നത്. വലിയ തോതില്‍ പ്രതിഷേധം വന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലത്തിന്റെ തീരുമാനം.
അതേസമയം സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് പരീക്ഷ നടത്തും. പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. ജാഗ്രത പാലിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്രീ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും ഒരു തരത്തിലും കുട്ടികള്‍ ഇടകലരരുതെന്നും നിര്‍ദേശമുണ്ട്.