ആലപ്പുഴ വളളികുന്നത്ത് പതിനാറുകാരന്റെ കൊലപാതകം ; മകന്‍ രാഷ്ട്രീയക്കാരനല്ല എന്ന് അഭിമന്യുവിന്റെ അച്ഛന്‍

ആലപ്പുഴ വള്ളിക്കുന്നത്ത് കുത്തേറ്റ് മരിച്ച പത്താംക്‌ളാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് വെളിപ്പെടുത്തി അച്ഛന്‍ അമ്പിളികുമാര്‍. മകന്‍ ഒരുപ്രശ്‌നത്തിനും പോകാത്ത ആളാണെന്നും എന്തിനാണ് അവനെ കൊന്നതെന്ന് അറിയില്ലയെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ അഭിമന്യുവിന്റെ സഹോദരന്‍ അനന്ദു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും ഇയാള്‍ മറ്റു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്ത് വെച്ച് വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും ഇതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റതെന്നുമാണ് പൊലീസ് പറയുന്നത്. ആഴത്തില്‍ കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. അഭിമന്യുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇന്നലെ രാത്രി ഫോണ്‍ വിളിച്ചപ്പോ പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് ഇപ്പോള്‍ വരുമെന്നാണ്. മൂത്ത ആള് അമ്പലത്തില്‍ പോയോ എന്നറിയാനായി വിളിച്ചപ്പോള്‍ അയാള്‍ പോയിട്ടില്ലെന്ന് പറഞ്ഞു. അയാള്‍ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. ഞാന്‍ കിടന്ന് മയക്കം പിടിച്ചപ്പോഴാണ് അനിയത്തിയുടെ മകളുടെ മൊബൈലില്‍ സുഹൃത്തുക്കള്‍ ആരോ വിളിച്ചുപറഞ്ഞ് സംഭവം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരിച്ചുകിടക്കുന്നുവെന്നാണ്.

സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി സംശയിക്കുന്ന സജയ് ദത്ത് എന്നയാളുടെ അച്ഛനെയും സഹോദരനെയുമാണ് ചോദ്യം ചെയ്യാനായി വള്ളിക്കുന്നം പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പൊലീസ് അഭിമന്യുവിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്ഐആറില്‍ പറയുന്നില്ലയെങ്കിലും അഭിമന്യുവിന്റേത് കമ്യൂണിസ്റ്റ് കുടുംബമാണെന്നും അഭിമന്യു എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

സിപിഎം ആഹ്വാന പ്രകാരം വള്ളിക്കുന്നത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സംഘര്‍ഷത്തില്‍ അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തിരഞ്ഞെത്തിയ സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.