സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ; ജാഗ്രതയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ മാളുകളില്‍ പ്രവേശനം പാടുള്ളു എന്നും നിര്‍ദ്ദേശം ഉണ്ട്. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. അന്‍പത് മുതല്‍ നൂറ് പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിനായിരിക്കും. ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
ജാഗ്രതയില്‍ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടും. സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്തണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതല പൊലീസിനായിരിക്കും. ട്യൂഷന്‍ സെന്ററുകളിലും ജാഗ്രത വേണം. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളി, ശനി ദിവസങ്ങളില്‍ മാസ് പരിശോധന നടത്താനും തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സമൂഹ വ്യാപന സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 10 വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.