ഐഎസ്ആര്‍ഒ ചാരക്കേസ് ; ഗൂഢാലോചനക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശം. അന്വേഷണം നടത്തി സിബിഐ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സിബിഐക്ക് നല്‍കും. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് കോടതി. പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഒരു കാരണവശാലും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയതാണോയെന്നത് സംബന്ധിച്ച ഡികെ ജയിന്‍ റിപ്പോര്‍ട്ടാണ് സുപ്രീംകോടതി പരിഗണിച്ചത്.

ജസ്റ്റിസ് ഡികെ ജയിന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ജസ്റ്റിസ് ഡികെ ജയിന്‍ അധ്യക്ഷനായ സമിതി മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി. ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയതാണെന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ഹര്‍ജിയിലാണ് 2018 സെപ്തംബര്‍ 14ന് സുപ്രീംകോടതി മൂന്നംഗ സമിതി രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്‍ അഡീഷണല്‍ സെക്രട്ടറി ബികെ പ്രസാദ്, കേരള മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വിഎസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ്പിമാരായ കെകെ ജോഷ്വ, എസ് വിജയന്‍, ഐബി മുന്‍ ഡയറക്ടര്‍ ആര്‍ബി ശ്രീകുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണം. ജെയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞയാഴ്ച സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദേശീയപ്രാധാന്യമുള്ള കേസാണെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം ചാരക്കേസ് ഗൂഢാലോചന സി.ബി.ഐക്ക് വിട്ട സുപ്രീംകോടതി ഉത്തവിനെ സ്വാഗതം ചെയ്ത് നമ്പി നാരായണന്‍. ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച കേസാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. ഗൂഢാലോചന നടത്തിയതാരാണെന്ന് പുറത്തുവരട്ടെയെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു ചാരക്കേസില്‍ നടന്നത് ഗൂഢാലോചനയാണെന്ന് നേരത്തെ പുറത്ത് വന്നതാണ്. ആരൊക്കെയാണ് ഗൂഢാലോചനയില്‍ ഉണ്ടായിരുന്നത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമമാണ് ഇനിയുണ്ടാകേണ്ടത്. കേസില്‍ ഏതെങ്കിലും വ്യക്തിയെ ചൂണ്ടിക്കാട്ടാനില്ല. ചെയ്ത കുറ്റത്തിന്റെ നിയമപരമായ ഫലം വരട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു.