അഭിമന്യു വധക്കേസ് ; മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി

ആലപ്പുഴ കായംകുളം വള്ളികുന്നത്ത് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ആര്‍ എസ് എസ് പ്രവര്‍ത്തകനായ സജയ് ദത്ത് കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളെ ചെങ്ങന്നൂര്‍ പൊലീസിന് ഉടന്‍ കൈമാറും.

വിഷുദിനത്തില്‍ ആയിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥിയായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയത്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രോത്സവത്തിനിടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മറ്റൊരു സ്ഥലത്ത് വെച്ചുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ട് ആയിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ സജയ് ദത്തിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ കൊല എന്നാണ് സി പി ഐ എം ആരോപിച്ചിരുന്നത്.

കൊല നടത്തിയ ശേഷം സജയ് ദത്ത് ഒളിവില്‍ ആയിരുന്നു. സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും വള്ളികുന്നം പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ എത്തി സജയ് ദത്ത് കീഴടങ്ങിയത്. അഭിമന്യു വധക്കേസില്‍ ഇയാളെ കൂടാതെ 5 പേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എറണാകുളത്ത് തന്നെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സജയിയെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.