ആലപ്പുഴ അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പൊലീസ് പിടിയിലായി. വള്ളികുന്നം സ്വദേശി ജിഷ്ണുവാണ് എറണാകുളം രാമമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ദത്ത് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. വള്ളികുന്നം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ചാണ് അഭിമന്യുവിന് കുത്തേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ സഹോദരനും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഈ വൈരാഗ്യത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം. കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന. അതേസമയം കേസ് രാഷ്ട്രീ കൊലപാതകം അല്ല എന്നാണ് പോലീസ് പറയുന്നത്.