സനു മോഹന്‍ മൂകാംബികയില്‍ ; രക്ഷപ്പെടാന്‍ സഹായിച്ചത് കൊറോണ മാസ്‌ക്

മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലുള്ള പിതാവ് സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയില്‍ തങ്ങിയിരുന്നതായി സൂചന. സ്വകാര്യ ഹോട്ടലിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ട്വന്റിഫോര്‍ ചാനല്‍ പുറത്തു വിട്ടു. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്.

ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയുന്നത് വൈകിച്ചത്. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിച്ചപ്പോള്‍ ആണ് സനുവിനെ തിരിച്ചറിയുന്നത്. പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.