കോവിഡ് ബാധിച്ചു മരിച്ചു ; മനംനൊന്ത ഭാര്യ തടാകത്തില്‍ ചാടി മരിച്ചു

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാന്ദെദ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. 33 വയസുള്ള യുവതിയാണ് ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇവിടം കൊണ്ടും ദുരന്തം തീര്‍ന്നില്ല അമ്മയെ അന്വേഷിച്ച് പിന്നാലെയെത്തിയ യുവതിയുടെ മൂന്നു വയസുള്ള കുഞ്ഞും തടാകത്തില്‍ വീണ് മരിച്ചു. ബുധനാഴ്ച രാത്രിയാണ് അമ്മയെ അന്വേഷിച്ച് എത്തിയ മൂന്നു വയസുകാരന്‍ സുനെഗാവ് തടാകത്തില്‍ വീണ് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെലങ്കാന സ്വദേശിയുടെ കുടുംബമാണ് കോവിഡ് കാരണം ഇത്തരം ഒരു അവസ്ഥയില്‍ എത്തിയത്. 40കാരനായ ഇയാള്‍ ജോലി അന്വേഷിച്ച് ലോഹയില്‍ എത്തുകയായിരുന്നു. നാന്ദെദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ലോഹ. എന്നാല്‍, ജോലി തേടി അലയുന്നതിനിടയില്‍ ഇയാള്‍ കോവിഡ് രോഗ ബാധിതന്‍ ആകുകയും മരിക്കുകയുമായിരുന്നു. ഏപ്രില്‍ 13ന് സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. ഭര്‍ത്താവ് മരിച്ച വിവരം അറിഞ്ഞ ഭാര്യ തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. ഇതില്‍ മൂന്നു വയസുള്ള കുഞ്ഞാണ് തടാകത്തില്‍ വീണ് മരിച്ചത്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ടു ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1,42,87,740 ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 1,74,306 പേരാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതമായ പ്രദേശം മഹാരാഷ്ട്രയാണ്. ഉത്തര്‍ പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിലുള്ളത്.