കോവിഡിനെ തടയാന്‍ ‘ക്രഷിങ് ദി കര്‍വു’മായി കേരളം

കോവിഡ് വ്യാപനം തടയാന്‍ ക്രഷിങ് ദി കര്‍വ് ക്യാമ്പയിനുമായി സംസ്ഥാനം. കൂടുതല്‍ പേര്‍ക്ക് ടെസ്റ്റ് നടത്തിയും വാക്സിന്‍ വിതരണം കൂട്ടിയുമാണ് ക്രഷിങ് ദി കര്‍വ് നടപ്പിലാക്കുകയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അതിന്റെ ഭാഗമായി കോവിഡ് പരിശോധനകള്‍ ഇനിയും വര്‍ധിപ്പിക്കും. ഇതുവരെ 56,75,138 പേര്‍ക്ക് കേരളത്തില്‍ ഇതുവരെ കോവിഡ് വാക്സിന്‍ നല്‍കി. ഇനി ബാക്കി അഞ്ചു ലക്ഷം വാക്സിനുകള്‍ മാത്രമാണ്. അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ കേരളത്തിന് ആവശ്യമുണ്ടെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഇത് ലഭിച്ചാല്‍ മാത്രമേ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് വാക്സിന്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ പറ്റുവെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ 11,89,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു കോടി 39 ലക്ഷം ടെസ്റ്റ് കേരളം ഇതുവരെ നടത്തിയിട്ടുണ്ട്. നിലവില്‍ 58,245 പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി തിരുവന്തപുരത്ത് വച്ച് പറഞ്ഞു. മാര്‍ച്ച് മാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹരാഷ്ട്ര ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. മതിയായ ബെഡുകളും ഓക്സിജന്‍ സിലിണ്ടറുകളും ലഭിക്കാത്ത സാഹചര്യത്തിലൂടെയാണ് ഈ സംസ്ഥാനങ്ങള്‍ കടന്നു പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.