മന്ത്രി സുധാകരനെതിരായ സ്ത്രീയുടെ പരാതി ; വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം

മന്ത്രി ജി സുധാകരനെതിരെയുള്ള സ്ത്രീയുടെ പരാതിയില്‍ വസ്തുതാ അന്വേഷണം നടത്താന്‍ നിര്‍ദേശം. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ മന്ത്രിക്കെതിരായ പരാതി അമ്പലപ്പുഴ പൊലീസ് ആലപ്പുഴ സൗത്ത് പോലീസിന് കൈമാറി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിക്കിടയാക്കിയ വാര്‍ത്താസമ്മേളനം നടന്നത് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നുവെന്നതിനാലാണ് പരാതി കൈമാറിയത്. പരാതി പിന്‍വലിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. കഴിഞ്ഞദിവസം ജി. സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുപോലും തനിക്കെതിരെ ആരോപണമുയര്‍ന്ന കാര്യം പറഞ്ഞിരുന്നു. ഈ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്നും വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സുധാകരനെതിരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ മന്ത്രിയെ പിന്തുണച്ച് സി പി എം ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുധാകരന്‍ ആരേയും അവഹേളിച്ചിട്ടില്ലെന്നും പാര്‍ട്ടി മെമ്പറായ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പരാതി നല്‍കേണ്ടത് പാര്‍ട്ടിക്കാണെന്നും ആര്‍ നാസര്‍ പറഞ്ഞു. അതേസമയം, കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പരാതി അടിസ്ഥാന രഹിതമാണെന്നും തനിക്കെതിരെയുള്ള പൊളിറ്റിക്കല്‍ ക്രിമിനലിസത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും ജി സുധാകരന്‍ പ്രതികരിച്ചു.