സാമ്പത്തിക മാന്ദ്യത്തിനു ഇടയിലും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍
സംസ്ഥാനം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന സമയത്തും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളവും വര്‍ധിപ്പിച്ചു.1/7/2019 മുതല്‍ ശമ്പള വര്‍ധനവിന് പ്രാബല്യമുണ്ട്. പതിനൊന്നാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശയുടെ പേരിലാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെയും ശമ്പളം 107800 മുതല്‍ 160000 എന്ന പരിധിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഇത് 77400 മുതല്‍ 115200 വരെയായിരുന്നു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ മുതല്‍ പാചകക്കാര്‍ വരെയുള്ളവരുടെ ശമ്പളവും വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2019 ജൂലൈ ഒന്ന് മുതലാണ് വര്‍ധനക്ക് പ്രാബല്യം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ എല്ലാ മാസവും കടമെടുക്കുമ്പോഴാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളത്തിലും ഈ രീതിയിലുള്ള വര്‍ധനവ്. ശമ്പള വര്‍ധനവോടെ കോടികളാണ് ഓരോ മാസവും പൊതു ഖജനാവില്‍ നിന്നും ചെലവഴിക്കേണ്ടി വരിക.