ആലപ്പുഴ സിപിഎമ്മിലെ ചേരിപ്പോര് ; പരസ്യപ്രതികരണം വിലക്കി നേതൃത്വം
ആലപ്പുഴയില്‍ നടക്കുന്ന പാര്‍ട്ടിക്കുള്ളില്ലേ ചേരി പോരില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. മന്ത്രി ജി. സുധാകരനെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശ പരാതിയിലും തുടര്‍ന്നുള്ള വിവാദങ്ങളിലും പരസ്യ പ്രതികരണം വിലക്കി ജില്ലാ നേതാക്കള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി. മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ തീരും മുന്‍പ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത് വിഭാഗീയ നീക്കങ്ങളുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. അതേസമയം സുധാകരനെതിരായ പരാതിയില്‍ പൊലീസ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
മന്ത്രി ജി സുധാകരന്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജില്ലാ നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും പരാതി പിന്‍വലിക്കാന്‍ പരാതിക്കാരി ഒരുക്കമായില്ല. എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റിയംഗം കൂടിയായ പരാതിക്കാരി പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നും പരാതി പിന്‍വലിച്ചുവെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും വിശദീകരിച്ചിരുന്നു.
ആലപ്പുഴ സിപിഎമ്മില്‍ ജി സുധാകരനെതിരെ രൂപപ്പെട്ട ചേരിയുടെ പിന്തുണ പരാതിക്കാരിക്ക് ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടല്‍ ശക്തമാക്കിയിരിക്കുകയാണ്. പുതിയ വിവാദങ്ങളില്‍ പരസ്യ പ്രതികരണം വേണ്ട. എന്നാല്‍ പുതിയ ചേരിക്കെതിരെ ശക്തമായി നീങ്ങാനാണ് സുധാകരനെ പിന്തുണയ്ക്കുന്ന പക്ഷത്തുള്ള നേതാക്കളുടെ തീരുമാനം. സുധാകരനെതിരായ പരാതി ഏത് വിധേനയും പിന്‍വലിപ്പിക്കാന്‍ ജില്ലാ നേതൃത്വം ശ്രമം തുടരുന്നുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അമ്പലപ്പുഴ സ്റ്റേഷനിലും സൗത്ത് സ്റ്റേഷനിലുമായി പരാതി തട്ടിക്കളിക്കുന്ന സാഹചര്യമാണുള്ളത്. പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പരാതിക്കാരി.
പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. പരാതിക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ട്. പേഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ പറഞ്ഞിട്ടില്ല. ഒരു പൊലീസുകാരനേയും വിളിച്ചിട്ടില്ല. മന്ത്രിയെന്ന നിലയില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ല. പരാതി നല്‍കിയവര്‍ നിരപരാധികളാണ്. അവരെ തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘം ഉപയോഗിക്കുകയാണ്. തനിക്കെതിരെ പല പാര്‍ട്ടിയില്‍പ്പെട്ട ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജി സുധാകരന്‍ ആരോപിച്ചു.