തൃശൂര്‍ പൂരം ; അന്തിമ തീരുമാനം നാളെ

തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം നാളെ ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല. ആന പാപ്പാന്‍മാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും അനുമതി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. നാളത്തെ യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.

നേരത്തെ വനം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൂരത്തിന് എഴുന്നള്ളിക്കുന്ന എല്ലാ ആനകളുടെയും പാപ്പാന്മാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് വകുപ്പ് വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ഉള്ള പാപ്പാന്മാര്‍ക്ക് മാത്രം ആനകളെ പൂരത്തിന് എത്തിക്കാം. ആനകളുടെ എണ്ണം പതിവ് പോലെ തന്നെ ആയിരിക്കും. ഇക്കാര്യത്തില്‍ നിയന്ത്രണമില്ല. അതേസമയം ആനകളുടെ ഫിറ്റ്നസ് പരിശോധിക്കാനായി 40 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂരത്തിന്റെ തലേന്ന് ആറ് മണിക്ക് മുന്‍പ് ആനകളുടെ ഫിറ്റ്നസ് പരിശോധനകള്‍ പൂര്‍ത്തിയാക്കണം.