കൊവിഡ് രണ്ടാം തരംഗം ; ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഐസിഎംആര്‍

രാജ്യത്തു കൊറോണയുടെ രണ്ടാം തരംഗത്തില്‍ ഉയര്‍ന്ന വ്യാപന നിരക്ക് ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. എന്നാല്‍ ഓക്‌സിജന്റെ ഉയര്‍ന്ന ആവശ്യകത കൊവിഡിന്റെ രണ്ടാം തരംഗത്തിലുണ്ട്. മരണ നിരക്കിന്റെ കണക്കില്‍ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും വ്യത്യാസമില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തില്‍ രോഗത്തിന് ലക്ഷണവും ഗുരുതരാവസ്ഥയും കുറവാണ്. ശ്വാസതടസമാണ് രണ്ടാം തരംഗത്തില്‍ കൂടുതലായി പ്രകടമാകുന്ന ലക്ഷണം. രണ്ട് തരംഗത്തിലും രോഗം ബാധിച്ചവരില്‍ 70 ശതമാനവും 45 വയസിന് മുകളിലുള്ളവരാണ്. ഇനിയും തിരിച്ചറിയാനാവാത്ത വൈറസിന്റെ വകഭേദങ്ങള്‍ നിലനില്‍ക്കുന്നത് കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ കണ്ടെത്തിയ ഇരട്ട ജനിതകമാറ്റം വന്ന വൈറസിന് അതിതീവ്ര വ്യാപനം ഇല്ല. യുകെ., ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നിവടങ്ങളില്‍ കണ്ടെത്തിയ വൈറസുകളെ ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. ഇതിന് തീവ്രവ്യാപന സ്വഭാവം ആണുള്ളത്. വകഭേദം വന്ന വൈറസിനെ കണ്ടെത്താന്‍ ആര്‍ടിപിസിആര്‍. ടെസ്റ്റ് ഉചിതമാണ്. ജാഗ്രത കുറവും തിരിച്ചറിയാനാവാത്ത വകഭേദങ്ങളും വൈറസിന്റെ സ്വഭാവ വ്യത്യാസവുമാണ് ഇത്തവണ രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടിയതെന്നും ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

അതേസമയം തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കണക്കുകള്‍ രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളില്‍ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,73,810 പേര്‍ക്കാണ്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നര കോടിയിലെത്തി. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കണക്കുകള്‍ രണ്ട് ലക്ഷം കടക്കുന്നത്. ഇതുവരെ ഏകദേശം 1.78 ലക്ഷം പേര്‍ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപെട്ടു. കഴിഞ്ഞ ഒരാഴ്ച്ച മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 15 ലക്ഷത്തിനോടടുത്ത് ആളുകള്‍ക്കാണ്. കര്‍ണാടക ഉള്‍പ്പെട്ട അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.