ബലാത്സംഗത്തിനിരയായ 13കാരിക്ക് ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി

ബലാല്‍സംഗത്തിനിരയായ 13 വയസുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതിയുടെ അനുമതി. മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പിതാവ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ അടിയന്തിര ഇടപെടല്‍. അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബെച്ചന്‍ കുര്യന്‍ തോമസ് ഹരജി പരിഗണിച്ചത്. 24 മണിക്കൂറിനകം ഗര്‍ഭം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് കോടതി അനുമതി നല്‍കിയത്.

26 ആഴ്ച പിന്നിട്ട ഭ്രൂണമാണ് നശിപ്പിക്കാന്‍ അനുമതി നല്‍കിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് അടിയന്തിര നിര്‍ദ്ദേശം. സംഭവത്തില്‍ 14കാരനായ സഹോദരനാണ് പ്രതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. അപകട സാധ്യതകളുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോര്‍ട്ട്.

20 ആഴ്ച വരെ വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളര്‍ച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയാകേണ്ടി വന്ന സാഹചര്യം കൂടി പരിഗണിച്ചണ് കോടതി അനുമതി. പീഡന സംഭവം പെണ്‍കുട്ടിയെ മാത്രമല്ല, ഇതിന്റെ മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതി വിശേഷമുണ്ടാകുന്നത് സാമൂഹ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നല്‍കിയത്. ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനക്ക് തെളിവുകള്‍ ശേഖരിക്കണമെന്ന നിര്‍ദേശവും കോടതി ഉത്തരവിലുണ്ട്.