വൈഗയുടെ കൊലപാതം ; സനു ശ്രമിച്ചത് കുറുപ്പ് മോഡല്‍ രക്ഷപ്പെടലിനോ…?

സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍

മുട്ടാര്‍ പുഴയില്‍ കൊല്ലപ്പെട്ട വൈഗയുടെ പിതാവ് സനു മോഹന്‍ ശ്രമിച്ചത് സുകുമാര കുറുപ്പ് മോഡലില്‍ ഉള്ള ഒരു രക്ഷപ്പെടല്‍ എന്ന് സംശയം. കടബാധ്യത മൂലമുള്ള ടെന്‍ഷനാണ് കൊലപാതകത്തിന് കാരണമെന്നും മകളെ തനിച്ചാക്കി പോകാന്‍ തോന്നിയില്ല എന്നും സനൂ മോഹന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട് എങ്കിലും പോലീസ് ഇത് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. തന്റെ മരണശേഷം മകളെ ഒറ്റയ്ക്കാക്കാന്‍ താല്പര്യം ഇല്ലാതിരുന്ന അച്ഛനായിരുന്നു സനു മോഹന്‍. എന്നാല്‍ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം മകളുടെ മരണശേഷം മാറ്റി നാട് വിടുകയായിരുന്നു സനു ചെയ്തത്.

ഇവിടെയാണ് സുകുമാര കുറുപ്പ് ചെയ്യുവാന്‍ ശ്രമിച്ച പോലെ ഒരു രക്ഷപ്പെടല്‍ ആണ് സനു പ്ലാന്‍ ചെയ്തത് എന്ന സംശയം ഉയരുന്നത്. അതി സമര്‍ഥമായ പ്ലാനിങ് നടത്തിയാണ് സനു കൊലപാതകവും തുടര്‍ന്നുള്ള ഒളിച്ചോട്ടവും നടപ്പിലാക്കിയത്. മകളോടൊപ്പം മരിക്കാന്‍ തീരുമാനിച്ച ഒരാള്‍ മകളെ കണി ശേഷം അതിനു ശ്രമിക്കാതെ വലിയ തുകയുമായി സംസ്ഥാനം വിട്ടത് എന്തിനെന്ന ചോദ്യത്തിന് മറുപടി തേടുകയാണ് പൊലീസ്. ഈ തുക എവിടെപ്പോയെന്നു ചോദിച്ചപ്പോള്‍ കുറെ പോക്കറ്റടിച്ചു പോയെന്നായിരുന്നു മറുപടി. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്ന ഇയാള്‍ പോലീസിനെ വട്ടം കറക്കുകയാണ്. പറയുന്ന കാര്യങ്ങള്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ മാറ്റി പറയുകയാണ് പതിവ്. എന്നാല്‍ ഇയാള്‍ മാറ്റി പറയാത്ത ഒരേ ഒരു കാര്യം തന്റെ മകളുടെ കൊലപാതകം, അത് ചെയ്തത് താന്‍ തന്നെയാണ് എന്നതാണ്.

താന്‍ ഒളിച്ചോടിയത് അല്ല എന്നാണ് സനു മോഹന്റെ വാദം. മരിക്കാന്‍ തന്നെ തീരുമാനിച്ച് ഇറങ്ങിയതാണ്. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞില്ല. ഒളിച്ചോടാന്‍ തനിക്ക് ആകുമായിരുന്നില്ല എന്നും ഇയാള്‍ പറയുന്നു. എന്നാല്‍ സനു മോഹനന്റെ യാത്രാ വിവരങ്ങള്‍ ശേഖരിച്ച പോലീസ് വ്യക്തമാക്കുന്നത് കടന്നുകളയാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു എന്ന് തന്നെയാണ്. ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം നടന്നില്ല. കാര്‍ വിറ്റും അല്ലാതെയും ഇയാള്‍ ശേഖരിച്ച പണം എവിടെപ്പോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സനുമോഹന്റെ പണമിടപാട് സംബന്ധിച്ച ദുരൂഹത നീക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല.

സനുമോഹന്റെ കുടുംബത്തെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മകളുമായി സനുമോഹന്‍ രാത്രിയില്‍ പോകുമ്പോള്‍ എന്തുകൊണ്ട് ഭാര്യയും കുംടംബാംഗങ്ങളും തടഞ്ഞില്ല എന്നതാണ് മറ്റൊരു സംശയം. കുടുംബാംഗങ്ങള്‍ പോലും അറിയാത്തവിധത്തില്‍ കൊച്ചിയില്‍ രഹസ്യമായി താമസിച്ചത് എന്തുകൊണ്ട്? വൈഗ മരിച്ച രാത്രിയില്‍ സനു മോഹനനെ അന്വേഷിച്ച് രണ്ടുപേര്‍ ഫ്‌ളാറ്റില്‍ വന്നതില്‍ ദുരൂഹതയുണ്ടോ? എന്നിങ്ങനെ നിരവധി സംശയങ്ങള്‍ ബാക്കിയുണ്ട്. ആലപ്പുഴയില്‍ സ്വന്തം തറവാട് വീടുള്ളപ്പോള്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് എടുത്ത് താമസിച്ചതും സംശയകരമാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

പൂനയില്‍ ഉണ്ടായിരുന്ന സമയം അവിടെ ഉള്ളവരില്‍ നിന്നും കോടികള്‍ കടം വാങ്ങി മുങ്ങിയ സനുവിനെ അതിനു ശേഷം ഉറ്റ സുഹൃത്തുക്കള്‍ പോലും നേരില്‍ കണ്ടിട്ടില്ല. പൂനയില്‍ നിന്നും മുങ്ങിയ സനു കുറെ നാള്‍ തമിഴ് നാട്ടിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തിലാണ് കഴിച്ചു കൂട്ടിയത്. അവിടെ ഉണ്ടായിരുന്ന സമയവും സുഹൃത്തുക്കളില്‍ നിന്നും സനു വീണ്ടും കടം വാങ്ങുകയായിരുന്നു. അന്ന് സഹായിച്ച സുഹൃത്തുക്കള്‍ പോലും സനു എറണാകുളത്ത് ഫ്ളാറ്റ് വാങ്ങി സ്ഥിര താമസം ആയത് മകള്‍ കൊല്ലപ്പെട്ട ശേഷമാണു അറിയുന്നത്. സുഹൃത്തുക്കള്‍ മാത്രമല്ല ബന്ധുക്കളും സനുവിനെ കണ്ടിട്ട് വര്‍ഷങ്ങള്‍ ആകുന്നു എന്നതാണ് സത്യം. അച്ഛന്‍ മരിച്ചിട്ട് പോലും അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഇയാള്‍ വന്നിരുന്നില്ല. അതുകൊണ്ടു തന്നെ വ്യക്തമായ പ്ലാനിങ് കൊലപാതകത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം എന്നാണ് അനുമാനിക്കാന്‍.

സനു ഇതിനു മുന്‍പും സമാനമായ രീതിയില്‍ ഒളിവില്‍ പോയിരുന്നു. ഇത്തവണ പോലീസിന്റെയും നാട്ടുകാരുടെയും കണ്ണ് വെട്ടിക്കുവാന് കഴിഞ്ഞതും അതുകൊണ്ടാണ്. മകള്‍ക്ക് പിന്നാലെ മരിക്കാന്‍ തീരുമാനിച്ച ഒരച്ഛന്‍ ഗോവയില്‍ പോകുവാന്‍ ശ്രമിച്ചു എന്നത് ആ മൊഴി കള്ളമാണ് എന്ന് ഉറപ്പിക്കുകയാണ്. തന്റെ അതെ ശരീര പ്രകൃതിയും പ്രായവുമുള്ള ഒരാളെ തിരഞ്ഞാണ് സനു അലഞ്ഞത് എന്ന സംശയം ഇതോടെ ശക്തമാവുകയാണ്. തന്റെ ഐ ഡി കാര്‍ഡ് വസ്ത്രങ്ങള്‍ ഇവ ആകും പോലീസ് തിരിച്ചറിയലിന് ഉപയോഗിക്കുക എന്ന് സനുവിനു ഉറപ്പാണ്. മൃതദേഹം തിരിച്ചറിയാന്‍ വരുന്നത് ഭാര്യ ആണ് എങ്കില്‍ മരിച്ചത് ഭര്‍ത്താവ് ആണെന്ന് അവര്‍ മൊഴി നല്‍കിയാല്‍ വിശ്വസിക്കുക മാത്രമേ പോലീസിനും നിര്‍വാഹമുള്ളൂ. ‘മകളുമായി സനുമോഹന്‍ രാത്രിയില്‍ പോകുമ്പോള്‍ എന്തുകൊണ്ട് ഭാര്യയും കുംടംബാംഗങ്ങളും തടഞ്ഞില്ല’ എന്ന ചോദ്യത്തിന് ഇതുവരെ പൊലീസിന് ഉത്തരം കിട്ടിയിട്ടില്ല അതുകൊണ്ടു കൊലപാതക വിവരം ഭാര്യക്കും മുന്‍കൂട്ടി അറിയുമായിരുന്നോ എന്നതും തെളിയിക്കേണ്ടിയിരിക്കുന്നു.

കൊലപാതകത്തിന് മുന്‍പ് വലിയ രീതിയില്‍ പണം സമാഹരിച്ചു ഇയാള്‍ കയ്യില്‍ വെച്ചിരുന്നു. പോകുന്ന സമയം ഇതും കൊണ്ടാണ് പോയത് എന്നും സംശയം ഉണ്ട്. അത് തീര്‍ന്നപ്പോള്‍ ആണ് കാര്‍ വിറ്റു കാശ് ഒപ്പിക്കുന്നത്. മരിക്കുവാന്‍ ആണ് ലക്ഷ്യം എങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല. അതുപോലെ എ ടി എം ഉപയോഗിക്കാതെ ഇരിക്കുവാനും ഇയാള്‍ ശ്രമിച്ചു. തനിക്ക് പകരം ഒരാളെ കൊലപ്പെടുത്തി അത് താനാണ് എന്ന് പോലീസിനെ വിശ്വസിപ്പിച്ചാലും അതിനു ശേഷം ഒളിവില്‍ കഴിയുവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്ന സംശയവും ഉണ്ട്. രൂപത്തില്‍ മാറ്റം വരുത്താതെ ഉള്ള യാത്രകളും സംശയത്തിന് ഇട നല്‍കുന്നു. കൊറോണ സമയവും മാസ്‌ക്ക് നിര്‍ബന്ധം ആയതും ഇയാള്‍ക്ക് മുഖം ഒളിപ്പിക്കാന്‍ സഹായകമായി.

 

ഇന്‍ഷുറന്‍സ് തുക തട്ടിക്കാനും മരിച്ചു പോയി എന്ന് ലോകത്തിനെ അറിയിക്കുവാനും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ ആള്‍മാറാട്ട കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്.ഇവിടെ സനുവും അതിനാണ് ശ്രമിച്ചത്. എന്നാല്‍ അതിനു കഴിയാതെ വന്നപ്പോള്‍ ആണ് യഥാര്‍ത്ഥ ആധാര്‍ കാര്‍ഡ് കൊടുത്തു തന്റെ ലൊക്കേഷന്‍ പോലീസിനെ അയ്യാള്‍ അറിയിക്കുന്നതും. അല്ലാതെ ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞ ഒരാള്‍ പെട്ടന്നൊരു നാള്‍ ഇത്തരത്തില്‍ ഒരു മണ്ടത്തരം കാണിക്കും എന്ന് തോന്നുന്നില്ല. തന്നെ പറ്റിയുള്ള പത്രവാര്‍ത്തകള്‍ സ്ഥിരം സനു അറിയുന്നുണ്ടായിരുന്നു. പോലീസ് തൊട്ടു അരികില്‍ എത്തി എന്ന് മനസ്സിലായിട്ടും രക്ഷപ്പെടാന്‍ സനു ശ്രമിച്ചതുമില്ല. മരിക്കുവാന്‍ പ്ലാന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്തുകൊണ്ട് ഗോവയ്ക്ക് പോകാന്‍ പ്ലാന്‍ ഇട്ടു എന്നതും ഇത്രയും നാള്‍ അതിനു ശ്രമിച്ചില്ല എന്നതും ചോദ്യമായി അവശേഷിക്കുന്നു. ഇയാളുടെ പണമിടപാട് സംബന്ധിച്ച് കൊച്ചി ഡിസിപി യുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ അന്വേഷണം നടത്തിവരികയാണ്. സമാന്തരമായി കോയമ്പത്തൂരും കര്‍ണാടകയിലും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കൂടി റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമാണ് പൂര്‍ണ വിവരങ്ങള്‍ പുറത്തു വരിക.