ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 ; മാസ്‌ക് ഇല്ലെങ്കില്‍ 500 ; കൊവിഡ് പിഴ ഉയര്‍ത്തി പോലീസ്

കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാലുള്ള പിഴ തുകകള്‍ ഉയര്‍ത്തി കേരളാ പോലീസ്. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ രോഗ വ്യാപനം തടയുന്നതിന് അനിവാര്യമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ ഇവ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപ പിഴ നല്‍കേണ്ടി വരും. നേരത്തെ 200 രൂപയായിരുന്നു ഇത്. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ, അവിടെ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോകുകയോ ചെയ്താല്‍ 500 രൂപ പിഴ നല്‍കണം.

അനാവശ്യമായി പൊതു/ സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണ് പിഴ. നിരോധനം ലംഘിച്ചുകൊണ്ട് പൊതു സ്ഥലങ്ങളില്‍ മീറ്റിങ്ങുകള്‍ക്കോ വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്കോ മറ്റ് മതാഘോഷങ്ങള്‍ക്ക് വേണ്ടിയോ മറ്റോ കൂട്ടം കൂടിയാല്‍ 5000 രൂപ പിഴ ചുമത്തും. അടച്ചുപൂട്ടാനുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കെ അത് ലംഘിച്ചുകാണ്ട് സ്‌കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ കൂടാതെ ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ള മറ്റ് സ്ഥലങ്ങളോ തുറന്നു പ്രവര്‍ത്തിച്ചാല്‍ 2000 രൂപയാണ് പിഴ നല്‍കേണ്ടി വരിക.

ക്വാറന്റീല്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ നല്‍കേണ്ടി വരും. മാ്സ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ചെയ്തില്ലെങ്കില്‍ 500 രൂപയും പിഴ നല്‍കണം. അനുമതി ഇല്ലാതെ കൂടിച്ചേരല്‍, ധര്‍ണ ,പ്രതിഷേധം, പ്രകടനം എന്നിവ നടത്തിയാലും അനുമതിയുണ്ടെങ്കിലും പത്തിലധികം പേര്‍ പങ്കെടുത്താലും പിഴ മൂവായിരം രൂപയാണ് പിഴ. കടകളില്‍ 20 പേരിലധികം ഒരു സമയമുണ്ടെങ്കില്‍ പിഴ 500 ല്‍ നിന്ന് മൂവായിരം രൂപ .പൊതു സ്ഥലത്തോ റോഡിലോ തുപ്പിയാല്‍ പിഴ 500 രൂപ.