സര്‍ക്കാര്‍ അവഗണന ; മെയ് 1ന് കരിദിനമായി ആചരിക്കുവാന്‍ ടൂറിസം സംരക്ഷണ സമിതി
ടൂറിസം മേഖലയോട് തുടരുന്ന കടുത്ത അവഗണനയ്ക്ക് എതിരെ മെയ് 1ന് കരിദിനം ആചരിക്കും എന്ന് ടൂറിസം സംരക്ഷണ സമിതി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ടൂറിസം മേഖലയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംസ്ഥാന വ്യാപകമായി കറുത്ത മാസ്‌ക് ധരിച്ചും സോഷ്യല്‍ മീഡിയയിലൂടെ സേവ് ടൂറിസം ഹാഷ് ടാഗ് നല്‍കിയുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ടൂറിസം തൊഴിലാളികള്‍ക്ക് അടിയന്തരമായി 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുക, ടൂറിസ്റ്റുകളുടെ സഞ്ചാര നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടൂറിസം മേഖല കരിദിനം ആചരിക്കുന്നത്.
കൊറോണ വ്യാപനം ആരംഭിച്ചതിനു പിന്നാലെ ടൂറിസം മേഖല നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. അതേസമയം സര്‍ക്കാര്‍ ഇതുവരെ അതിന്റെ ഉന്നമനത്തിനായി ഒരു ചെറു വിരല്‍ പോലും അനക്കുന്നതുമില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാം വീണ്ടും വീണ്ടും പൂട്ടി ഇടുന്നതും സഞ്ചാരികളെ തടയുന്നതും എല്ലാം നഷ്ടത്തിന്റെ ആക്കം കൂട്ടുന്നു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. ഇന്നലെ കേരളത്തില്‍ 13,644 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.