ദൃശ്യം മോഡല്‍ ; കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടി അമ്മയും സദോഹരനും ; കേസിന് തുമ്പുണ്ടാക്കിയത് മദ്യപന്റെ ‘സ്വപ്നദര്‍ശനം’

കൊല്ലം : കൊല്ലം ഏരൂര്‍ ഭാരതീപുരത്ത് മൂന്ന് വര്‍ഷം മുന്‍പ് കാണാതായ വ്യക്തി കൊല്ലപ്പെട്ടതായി പോലീസ്. ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സജിന്‍ പീറ്ററാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബന്ധു നടത്തിയ വെളിപ്പെടുത്തലിലാണ് ദൃശ്യം സിനിമക്ക് സമാനമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൂന്ന് വര്‍ഷം മുന്‍പാണ് ഷാജിയെ കാണാതാവുന്നത്. ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ മലപ്പുറത്ത് ജോലി അന്വേഷിച്ച് പോയെന്നാണ് സജിന്‍ ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം സജിന്റെ ബന്ധു പത്തനംതിട്ട പൊലീസിനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കൊലപാതകം വിവരം പുറത്തറിയുന്നത്.

2018 ലെ ഓണത്തിന് വീട്ടില്‍ എത്തിയപ്പോഴാണ് ഷാജിയെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശേഷം പറമ്പില്‍ കുഴിച്ച് മൂടി. കിണറിന് വേണ്ടിയെടുത്ത കുഴിയിലാണ് ഷാജിയെ കുഴിച്ചിട്ടത്. തന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് സജിന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സജിനൊപ്പം അമ്മ പൊന്നമ്മയെയും ഭാര്യ ആര്യയെയും ഏരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാജിയുടെ മൃതദേഹം നാളെ പുറത്തെടുത്ത് ഫോറന്‍സിക് വിഭാ?ഗം പരിശോധിക്കും.

അതേസമയം പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിലെത്തിയ ഒരാള്‍ മദ്യപിച്ച സമയം ഷാജി പീറ്റര്‍ സ്വപ്നത്തില്‍ വന്ന് തന്റെ മരണത്തില്‍ വേണ്ടപോലെ പൊലീസ് അന്വേഷണം നടക്കുന്നില്ലെന്നും ബന്ധുക്കള്‍ക്ക് തന്നോട് സ്നേഹമില്ലെന്നും പറഞ്ഞായി നല്‍കിയ മൊഴിയാണ് കേസില്‍ തുമ്പു ഉണ്ടാക്കിയത്. ഒരിക്കല്‍ ഏരൂരിലെ വീട്ടിലെത്തിയപ്പോള്‍ ഷാജിയും സഹോദരനും തമ്മിലുള്ള തര്‍ക്കം നേരില്‍ കേട്ടെന്നും ഇത്രയും കാലം രഹസ്യമായി കൊണ്ടു നടക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു.തുടര്‍ന്ന് പുനലൂര്‍ ഡിവൈ.എസ്.പിക്ക് ഈ വിവരം കൈമാറി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏരൂര്‍ എസ് ഐ ഇന്ന് ഷാജിയുടെ സഹോദരന്‍ സജിന്‍, അമ്മ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം സത്യമാണെന്ന് അറിഞ്ഞത്.

വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റര്‍. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.