വൈഗയുടെ കൊലപാതകം ; സനുവിനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

എറണാകുളം വൈഗ കൊലപാതക കേസില്‍ പ്രതി സനുമോഹനനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം. കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സനു മോഹന്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യവും ഇതുസംബന്ധിച്ച് ഭാര്യ പോലീസിന് നല്‍കിയ വിശദീകരണവും ഒന്നുകൂടി പരിശോധിക്കുവാന്‍ വേണ്ടിയാണ് പോലീസ് ഇരുവരെയും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

വൈരുദ്ധങ്ങളുള്ളതിനാല്‍ സനു മോഹന്‍ നല്‍കിയ മൊഴികളൊന്നും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ ബന്ധങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട് . സനു മോഹന്‍ കൊച്ചിയില്‍ ഫ്‌ലാറ്റ് എടുത്ത് താമസിക്കുന്ന വിവരം അറിയില്ലായിരുന്നുവെന്നും, തങ്ങളില്‍ നിന്നും ഇത് ഒളിച്ചുവെച്ചുവെന്നും കുടുംബം ആദ്യഘട്ടത്തില്‍ പരാതിപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. തെളിവെടുപ്പ് പൂര്‍ത്തിയാകുന്ന മുറക്ക് സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

പൊലീസ് കസ്റ്റഡിയിലായ സനു മോഹനനുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. കേരളത്തിന് പുറത്ത് സനു മോഹന്‍ ഒളിവില്‍ താമസിച്ച സ്ഥലങ്ങളിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുക്കും. കാക്കനാട് കങ്ങരപ്പടിയില്‍ സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഫ്‌ലാറ്റിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടന്നത്. മകള്‍ വൈഗയെ ഫ്‌ലാറ്റിലെത്തിച്ച് ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞുവെന്നായിരുന്നു സനുമോഹന്റെ മൊഴി. ഏകദേശം ഒരു മണിക്കൂറോളം ഫ്‌ലാറ്റിലെ തെളിവെടുപ്പ് നീണ്ടു നിന്നു. ഫ്‌ലാറ്റില്‍ നിന്ന് വൈഗയുമായി മുട്ടാര്‍പുഴയിലേക്ക് സനുമോഹന്‍ യാത്രചെയ്ത വഴിയിലൂടെയാണ് പൊലീസ് സംഘവും സഞ്ചരിച്ചത്.

മുട്ടാര്‍ പുഴക്ക് സമീപം 20 മിനിറ്റോളം തെളിവെടുപ്പ് നീണ്ടു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് വന്‍ പോലീസ് സന്നാഹം ഒപ്പമുണ്ടായിരുന്നു. റോഡില്‍ നിന്ന് പുഴയുടെ വശങ്ങളിലേക്ക് കാര്‍ ഇറക്കിയ ശേഷം വൈഗയെ എടുത്തു കൊണ്ടു വന്ന് പുഴയില്‍ എറിയുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജിലെ ഒരു വാല്‍വ് മാത്രമായിരുന്നു ഈ സമയത്ത് തുറന്നിരുന്നത്. ഇതുമൂലം പുഴയില്‍ രൂപപ്പെട്ട ചുഴിയാണ് വൈഗയുടെ മൃതദേഹം ദൂരത്തേക്ക് ഒഴുകി പോകാതെ അടുത്തു തന്നെ തങ്ങി നില്‍ക്കാന്‍ കാരണമായത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് റോഡില്‍ സനുമോഹന്‍ ഉപേക്ഷിച്ച മൊബൈല്‍ ഫോണിന് വേണ്ടിയും പൊലീസ് തെരച്ചില്‍ നടത്തി. മുട്ടാര്‍ പുഴയിലേക്കുള്ള യാത്രാ വഴിയില്‍ കളമശ്ശേരിയില്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ വഴിയില്‍ എറിഞ്ഞു എന്നാണ് സനു മോഹന്‍ പോലീസിനോട് പറഞ്ഞ്. ഈ സ്ഥലത്ത് പൊലീസ് സംഘം പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല . തിരച്ചില്‍ വീണ്ടും തുടരുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട് . അതേസമയം ഫോണ്‍ കടയില്‍ നന്നാക്കാന്‍ കൊടുത്തു എന്നായിരുന്നു ആദ്യം ഇയാള്‍ പറഞ്ഞത്.