ഫേസ്ബുക്ക് പോസ്റ്റ് ; വിവാദത്തിന് പിന്നാലെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് എംഎല്‍എ

വിവാദ പോസ്റ്റുകള്‍ക്കു പിന്നാലെ അപ്രത്യക്ഷമായ കായംകുളം എം.എല്‍.എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായി. താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും, അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും യു പ്രതിഭ പുതുതായി പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഞാനാ പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാല്‍ നിന്നെയൊക്കെ പേടിച്ച് പിന്‍വലിക്കുകയും പതിവില്ല അറിയാമല്ലോയെന്നും പ്രതിഭ ചോദിക്കുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന കായംകുളം എം എല്‍ എ യു. പ്രതിഭയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എ ഓഫീസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ആദ്യ പോസ്റ്റ് ജി സുധാകരന് നേരെയുള്ള ഒളിയമ്പാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ഹാക്ക് ചെയ്തുവെന്ന് വിശദീകരിച്ചെങ്കിലും ആ പോസ്റ്റും ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.

ആരെ ഉദ്ദേശിച്ചാണ് പോസ്റ്റെന്ന് വിശദീകരിക്കണമെന്ന് കമന്റുകള്‍ നിറഞ്ഞു. ജി. സുധാകരനെ ഉന്നമിട്ടാണ് പോസ്റ്റന്ന് കമന്റുകളില്‍ തന്നെ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി അണികളും രൂക്ഷ വിമര്‍ശനമുയര്‍ത്തി. പിന്നാലെ എംഎല്‍എ പോസ്റ്റ് മുക്കി. പേജ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വിശദീകരണക്കുറിപ്പ് ഇട്ടു. തുടര്‍ന്ന് അക്കൗണ്ട് തന്നെ ഡീആക്ടിവേറ്റ് ചെയ്തു. പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു പൊലീസില്‍ പരാതി നല്‍കിയതായും എംഎല്‍എയുടെ ഓഫിസ് വ്യക്തമാക്കി. വിവാദങ്ങളോടുള്ള പ്രതികരണത്തില്‍ യു. പ്രതിഭയെ പരോക്ഷമായി തള്ളുന്ന നിലപാടാണ് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ അനാവശ്യ പോസ്റ്റ് ഇടരുതെന്ന് പാര്‍ട്ടി നിര്‍ദേശമുണ്ട്. പ്രതിഭയുടെ പോസ്റ്റ് ഏതു സാഹചര്യത്തില്‍ ആണെന്ന് അറിയില്ല. വിശദീകരിക്കേണ്ടത് എംഎല്‍എ തന്നെയെന്നും നാസര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ എംഎല്‍എയുടെ വിവാദ പോസ്റ്റിനെ കരുതലോടെയാണ് സിപിഐഎം ജില്ലാ നേതൃത്വം വീക്ഷിക്കുന്നത്. ജി സുധാകരനെതിരായ പരാതിക്കൊപ്പം പുതിയ വിവാദവും ജില്ലയിലെ പാര്‍ട്ടിക്ക് തലവേദനയായിരിക്കുകയാണ്.