തൃശൂര്‍ പൂരം ; വിളംബരച്ചടങ്ങില്‍ അനിശ്ചിതത്വം
തൃശൂര്‍ പൂരത്തിന്റെ വിളംബരച്ചടങ്ങില്‍ അനിശ്ചിതത്വം. നെയ്തലക്കാവ് വിഭാഗത്തിന് പാസുകള്‍ നല്‍കിയില്ലെന്നാണ് പരാതി. അപേക്ഷ നല്‍കിയത് 46 പാസുകള്‍ക്കാണ്. ആകെ അനുവദിച്ചത് 6 പാസുകളാണ്. വാദ്യക്കാര്‍ക്കും ഭാരവാഹികള്‍ക്കുമടക്കം പാസുകള്‍ ലഭിച്ചില്ലെന്നും പരാതിയുണ്ട്. ദേവസ്വം ഭാരവാഹികള്‍ കലക്ടറുമായി ചര്‍ച്ച നടത്തുകയാണ്. നാളെയാണ് പൂര വിളംബരം.
”ആറര വരെ കമ്മീഷണര്‍ ഓഫീസിലുണ്ടായിരുന്നു. പാസില്ലാത്ത ഒരാളെയും കടത്തിവിടില്ലെന്നാണ് വെസ്റ്റ് സിഐ പറഞ്ഞത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് 19ആം തീയതി നടത്തിയതാണ്. അതിന്റെ ഫലം ഇതുവരെ വന്നിട്ടില്ല. ഇന്ന് ഉച്ചയോടെ ഫലം തരാമെന്നാണ് പറഞ്ഞിരുന്നത്. നാളെയേ അത് ശരിയാവൂ എന്നാണ് ഇപ്പോള്‍ പറയുന്നത്. നെയ്തലക്കാവില്‍ നിന്ന് തെക്കേ ഗോപുര നട നട തുറക്കുന്നതിനായി നാളെ രാവിലെ 8 മണിക്കാണ് പോക്കേണ്ടത്.
പാസില്ലാത്ത ഒരു കമ്മറ്റി മെമ്പര്‍ പോലുമില്ലാതെ എങ്ങനെയാണ് ആനയെയും കൊണ്ട് പോവുക, നാളെ രാവിലെ പാസ് കിട്ടിയില്ലെങ്കില്‍ പൂര വിളംബരം ഒഴിവാക്കാനാണ് സമിതിയുടെ തീരുമാനം. പാസ് നല്‍കിയില്ലെങ്കിലും കൊടുത്തിരുന്ന 48 പേരെ കടത്തിവിടാനുള്ള സൗകര്യം ഒരുക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷേ, ആലോചിച്ച് പറയാം എന്നതല്ലാതെ തക്കതായ ഒരു മറുപടി ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.”- അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.