കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് എന്ന് ഐ എം എ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കാത്തത് തന്നെയാണ് കോവിഡ് വ്യാപനത്തിന് കാരണമായത് എന്ന് ഐഎംഎ. അതിന്റെ പരിണതഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനം. ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും വീഴ്ചവരുത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഇതോടൊപ്പമാണ് ആഘോഷങ്ങളും പൂരങ്ങളും അതുപോലെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന അവസ്ഥകളും; രോഗബാധയ്ക്ക്, രോഗവ്യാപനത്തിന് ഏറ്റവും അനുകൂലമായ സാഹചര്യം. ഇത് ഒഴിവാക്കുന്നതില്‍ നമുക്ക് പറ്റിയ വീഴ്ച തന്നെയാണ് രണ്ടാം തരംഗം ഇത്രയും രൂക്ഷമാക്കിയത്. ഇനിയെങ്കിലും കര്‍ശനമായ നിയന്ത്രണ നടപടികള്‍ ഉണ്ടായേ മതിയാകൂവെന്നും ഐഎംഎ വ്യക്തമാക്കി.

കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ. വീണ്ടും ഒരു തീവ്ര വ്യാപനത്തിനു വഴിവെക്കുന്ന രീതിയില്‍ ആഹ്‌ളാദ പ്രകടനങ്ങളും ആഘോഷങ്ങളും അന്ന് ഉണ്ടായാല്‍ നമ്മുടെ ആരോഗ്യപരിപാലന വ്യവസ്ഥ തകരുന്ന സാഹചര്യം ഉണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷമാണ് കോവിഡ് ഗുരുതരമായി കൂടിയതെന്നും ഐഎംഎ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. മാസ് വാക്‌സിനേഷന്‍ സൂപ്പര്‍ സ്‌പ്രെഡിന് വഴിവെച്ചേക്കും. സൗജന്യ വാക്‌സിനേഷന്‍ ഉടന്‍ നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആര്‍ടിപിസിആര്‍ പരിശോധന കൃത്യമായി ചെയ്തിരുന്നെങ്കില്‍ രോഗവ്യാപനം നേരത്തെ കണ്ടെത്താമായിരുന്നു. പരീക്ഷകള്‍ നടത്തണമെന്നാണ് അഭിപ്രായമെന്നും ഐ എം എ വ്യക്തമാക്കി.

രണ്ടാം തരംഗത്തില്‍ കോവിഡ് വ്യാപന ശേഷി കൂടുതലാണ്. ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയും. അടുത്ത രണ്ടാഴ്ചകള്‍ വളരെ നിര്‍ണായകമായതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ്, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ പി. റ്റി സക്കറിയാസ് പറഞ്ഞു. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ഇനിയും വര്‍ധിപ്പിച്ച് ദിനംപ്രതി ഒരുലക്ഷത്തിലധികം ആക്കേണ്ടത് അത്യാവശ്യമാണ്. വാക്സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കണം. വാക്സിന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ സ്വകാര്യമേഖലയില്‍ അടക്കം അനുവദിക്കുകയും തിരക്ക് പരമാവധി ഒഴിവാക്കുകയും ചെയ്യണം. അതേസമയം തിരഞ്ഞെടുപ്പ് അല്ല രോഗ വ്യാപനത്തിന് കാരണമത് എന്ന സര്‍ക്കാരിന്റെ വാദത്തിന് തിരിച്ചടിയാണ് ഇപ്പോള്‍ ഐ എം എയുടെ പ്രസ്താവന.