ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി യു.എ.ഇ. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയില്‍ തങ്ങുകയോ ഇന്ത്യ വഴി ട്രാന്‍സിസ്റ്റ് വിസയില്‍ യാത്ര ചെയ്യുകയോ ചെയ്തവര്‍ക്കും വിലക്ക് ബാധകമാണ്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതും ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതും മുന്‍നിര്‍ത്തിയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വിവിധ എയര്‍ലൈന്‍സുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി വിലക്ക് നീട്ടാനോ പിന്‍വലിക്കാനോ സാധ്യതയുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലെത്തി, ഇന്നോ നാളെയോ മടങ്ങാനിരിക്കുന്ന പ്രവാസികളെ സംബന്ധിച്ച് പുതിയ തീരുമാനം തിരിച്ചടിയാണ്.

യു.എ.ഇയില്‍ വന്‍തോതില്‍ വാക്‌സിനേഷന്‍ പ്രക്രിയ നടന്നതിനാല്‍ രോഗ ബാധ പിടിച്ചുകെട്ടാന്‍ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ വീണ്ടും വൈറസ് വ്യാപനമുണ്ടാകുന്നത് തടയാനാണ് യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. നേരത്തെ ഒമാനും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സൗദിയിലേക്കും കുവൈത്തിലേക്കും വിലക്ക് നിലനില്‍ക്കുന്നുണ്ട്. സൗദി മെയ് 17 വരെ ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇനി ഖത്തറും ബഹ്‌റൈനും എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്.