കോവിഡിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ചൈനയും റഷ്യയും രംഗത്
ശക്തമായ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യയ്ക്ക് സഹായവാഗ്ദാനങ്ങളുമായി ചൈനയും റഷ്യയും. ഇന്ത്യക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കാന്‍ തയാറാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് മെഡിക്കല്‍ ഓക്സിജനും റെംഡെസിവിറും നല്‍കാമെന്ന് റഷ്യയും അറിയിച്ചു. പ്രതിവാരം മൂന്നു മുതല്‍ നാലുവരെ ലക്ഷം റെംഡെസിവിര്‍ ഇന്‍ജെക്ഷനുകള്‍ നല്‍കാമെന്നാണ് റഷ്യ വാഗ്ദാനം ചെയ്തിട്ടുള്ളത്. രണ്ട് ആഴ്ചയ്ക്കകം തന്നെ ഇത് അയച്ചുതുടങ്ങും.
കോവിഡ്-19 മനുഷ്യകുലത്തിന്റെ മൊത്തം ശത്രുവാണെന്നും ഇക്കാര്യത്തില്‍ രാജ്യാന്തരതലത്തിലുള്ള ഐക്യദാര്‍ഢ്യവും പരസ്പര സഹകരണവും ആവശ്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മെഡിക്കല്‍ സാമഗ്രികളുടെ ക്ഷാമം കാരണം ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഗുരുതരാവസ്ഥ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യയെ സഹായിക്കാന്‍ തയാറാണെന്നുമാണ് ചൈന പറഞ്ഞിരിക്കുന്നത്.
അതേസമയം, ഇന്ത്യ വിദേശത്തുനിന്ന് ഓക്സിജന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈനയില്ല. ഓക്സിജന്‍ വിദേശത്തുനിന്ന് എത്തിക്കുമെന്ന കാര്യം കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചത്. നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക അടക്കമുള്ള മേഖലയിലെ വിവിധ രാജ്യങ്ങളുടെ യോഗം കഴിഞ്ഞ ദിവസം ചൈന വിളിച്ചുചേര്‍ത്തിരുന്നു. കോവിഡിനെ നേരിടാന്‍ കൂട്ടായ നടപടികള്‍ ശക്തമാക്കാനായിരുന്നു ഇത്. നേരത്തെ ഇന്ത്യയും ചൈനയും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്സിനുകള്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍നിന്നുള്ള വാക്സിനുകളുടെ വരവ് കുറഞ്ഞതോടെ ശ്രീലങ്കയും നേപ്പാളും ചൈനയെയായിരുന്നു ആശ്രയിച്ചിരുന്നത്.