സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രം
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യസര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരുതണമെന്നും നിര്‍ദേശമുണ്ട്. ഭക്ഷണ സാധനങ്ങള്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാഴ്‌സലും ഹോം ഡെലിവറിയും ആകാം.
ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെടില്ല. പൊതുഗതാഗതവും ചരക്കുഗതാഗതവും ഉണ്ടാകും. ബസ്, ട്രെയിന്‍, വിമാന യാത്രക്കാരെ കൊണ്ടുപോകുന്ന സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ തടയില്ല. ഇവര്‍ യാത്രാ രേഖകള്‍ കാണിക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ പരമാവധി 75 പേരെ പങ്കെടുപ്പിച്ചു നടത്താം. എന്നാല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവശ്യ സര്‍വീസ് ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി യാത്ര ചെയ്യാം. 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍, കമ്പനികള്‍ അവശ്യ സര്‍വീസുകള്‍ എന്നിവക്ക് തടസമില്ല.
ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ജീവനക്കാര്‍ക്കും വാഹനങ്ങള്‍ ഉപയോഗിക്കാം. ഐടി കമ്പനികളിലെ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസില്‍ എത്താന്‍ അനുവദിക്കൂ. അത്യാവശ്യ യാത്രക്കാര്‍, രോഗികള്‍, അവരുടെ സഹായികള്‍, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം. തെരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് ജോലികളുള്ളവര്‍ക്കും യാത്രാവിലക്കുണ്ടാവില്ല. പൊതു ഇടങ്ങളിലെ സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാണ് രണ്ടുദിവസങ്ങളില്‍ കര്‍ശനനിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ നടപടി.