ഡോസിന് 600 രൂപ ; കോവിഷീല്‍ഡിന് ലോകത്തെ ഏറ്റവും വലിയ വില ഇന്ത്യയില്‍
കോവിഷീല്‍ഡ് വാക്സിന് രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത് ലോകത്തെ ഏറ്റവും വില എന്ന് വാര്‍ത്തകള്‍. സ്വകാര്യ ആശുപത്രികളില്‍ ഡോസിന് 600 രൂപ ഈടാക്കാനാണ് തീരുമാനം. മെയ് ഒന്നു മുതലാണ് സ്വകാര്യ ആശുപത്രികള്‍ വഴി വാക്സിന്‍ ലഭ്യമാകുക. ഡോസിന് 150 രൂപയ്ക്ക് വിറ്റാലും വാക്സിന്‍ ലാഭകരമാണ് എന്ന് നേരത്തെ, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവാല വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡോസിന് 600 രൂപ ഒടുക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന് നാനൂറ് രൂപയാണ് ചെലവ്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളും വാക്സിന്‍ വിതരണം ചെയ്യുന്നത് സൗജന്യമായിട്ടാണ്.
ഏകദേശം എട്ടു ഡോളറാണ് ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. സൗദി അറേബ്യയില്‍ ഇത് 5.25 ഡോളറാണ്. ദക്ഷിണാഫ്രിക്കയില്‍ 5.25 ഡോളറും യുഎസില്‍ നാലു ഡോളറും. അയല്‍രാജ്യമായ ബംഗ്ലാദേശിലും നാല് ഡോളറാണ് ഒരു ഡോസിന്റെ വില. ബ്രസീല്‍ 3.15, യുകെ 3, യൂറോപ്യന്‍ യൂണിയന്‍ 2.15-3.50 (എല്ലാം ഡോളറില്‍) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വില. അതിനിടെ, സ്വകാര്യ ആശുപത്രികള്‍ക്ക് നിയന്ത്രിത അളവില്‍ മാത്രമേ വാക്സിന്‍ വിതരണം ചെയ്യൂ എന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു. കോവിഡ് ചികിത്സയുടെ ഭാഗമായുള്ള പല ഉപകരണങ്ങളേക്കാള്‍ കുറവാണ് നിലവില്‍ നിശ്ചയിച്ച തുകയെന്നും കമ്പനി അവകാശപ്പെട്ടു. ഓക്സ്ഫഡും ആസ്ട്രസെനിക്കയും സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ ആണ് കോവിഷീല്‍ഡ്.