മാസ്‌ക് ധരിക്കാത്തതിന് യാത്രക്കാരന്റെ കൈ അടിച്ച് പൊട്ടിച്ചു’; കെ.എസ്.ആര്‍.ടി.സി ജീവനക്കാരനു സസ്‌പെന്‍ഷന്‍

അങ്കമാലി ബസ് സ്റ്റേഷന്‍ പരിസരത്ത് ആണ് സംഭവം. സ്റ്റേഷന്‍ പരിസരത്ത് നിന്നിരുന്ന അതിഥി തൊഴിലാളിയെ ഷണ്ടിംഗ് ഡ്യൂട്ടി ഡ്രൈവര്‍ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് തൃശ്ശൂര്‍ വിജിലന്‍സ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ വി.വി ആന്റുവിനെ സസ്‌പെന്‍ഡ് ചെയ്തത്.

കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരന്‍ മാസ്‌ക് ധരിക്കാതെ സ്റ്റേഷന്‍ പരിസരത്ത് എത്തിയതെങ്കിലും വിവരം പൊലീസിനെയോ, മേല്‍ അധികാരിയേയോ അറിയിക്കാതെ അതിന് വിരുദ്ധമായി ഷണ്ടിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വടി കൊണ്ട് അടിച്ചത് അച്ചടക്ക ലംഘനവും, സ്വഭാവദൂഷ്യവുമാണെന്നുള്ള വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.എം.ഡി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ 22 ന് രാത്രി 7.30 തിന് ഡിപ്പോ പരിസരത്ത് കണ്ട അതിഥി തൊഴിലാളി മാസ്‌ക് ധരിക്കാതെ കാണപ്പെട്ടപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ വി.വി ആന്റു കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഡ്രൈവറുടെ അടിയില്‍ ഇയാളുടെ കൈ പൊട്ടി ചോരയൊലിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചോരയൊലിപ്പിച്ച് നിലത്തുകിടന്നയാളുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ട സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായത്. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടി തിരിച്ചയച്ചു. എന്നാല്‍ പരിക്കേറ്റയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.