സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു യു ഡി എഫ് ;കോവിഡ് പ്രതിരോധം ബഡായിയില്‍ ഒതുക്കരുത്

കോവിഡ്-19നെതിരായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പ്രതിരോധ നടപടികള്‍ ബഡായിയില്‍ ഒതുക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ വീണ്ടുമൊരു ലോക്ക്‌ഡൌണ്‍ പ്രഖ്യാപിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ രണ്ടാം തരംഗം വളരെ ശക്തി പ്രാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 28,447 ആണ്.വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്നം ഉണ്ടെങ്കില്‍ നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാനാവുന്നതേയുള്ളു. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തെ അനുഭവ പാഠം നമ്മുടെ മുന്നിലുണ്ട്. ഈ വൈറസ്സിന്റെ പ്രത്യേകതകള്‍ എന്തൊക്കെ, അത് പടരുന്നതെങ്ങനെ, വൈറസ് ബാധയുണ്ടായാല്‍ എന്തുചെയ്യണം. ചികിത്സ എങ്ങനെ വേണം, വൈറസിനെ പ്രതിരോധിക്കേണ്ടതെങ്ങനെ തുടങ്ങിയ വിലപ്പെട്ട വിവരങ്ങളെല്ലാം ഇപ്പോള്‍ നമുക്കുണ്ട്. അതിനാല്‍ ജാഗ്രതയോടെ എന്നാല്‍, പരിഭ്രാന്തി തെല്ലും ഇല്ലാതെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

വാക്സിന്‍ ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് കോവിഡിന്റെ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങാന്‍ യു ഡി എഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയാണ്. സര്‍ക്കാരും അവസരത്തിനൊപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വെറുതെ ബഡായി അടിക്കുന്നതില്‍ മാത്രമായി കോവിഡ് പ്രതിരോധം ഒതുങ്ങരുത്. പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും പങ്കാളിയാക്കണം,’ രമേശ് ചെന്നിത്തല പറഞ്ഞു.