സിദ്ധീഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി

ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ഭാര്യ. കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് ഭാര്യ പരാതി നല്‍കി. സിദ്ദിഖ് കാപ്പന്റെ ഭാര്യയുടെ പരാതിയില്‍ അഡ്വ വില്‍സ് മാത്യൂസ് ചീഫ് ജസ്റ്റിസ് എന്‍.വി രമണയ്ക്ക് കത്തയച്ചു.

സിദ്ദീഖ് കാപ്പന്‍ നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശൗചാലയത്തിലും പോയിട്ടില്ലെന്നും ഭാര്യ പരാതിപ്പെട്ടു. സുപ്രിംകോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ മരിച്ചു പോയേക്കാമെന്നും കത്തില്‍ പറയുന്നു. 15 വര്‍ഷമായി പ്രമേഹരോഗിയായ സിദ്ദീഖ് ജയില്‍ അധികൃതര്‍ നല്‍കുന്ന ഭക്ഷണം കഴിക്കാന്‍ പറ്റാത്തതുകൊണ്ട് രണ്ടാഴ്ചയായി കക്കിരി മാത്രം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജയിലില്‍ ക്രൂരമര്‍ദനമാണ് ഏല്‍ക്കേണ്ടിവരുന്നത്. ഉത്തര്‍പ്രദേശ് മഥുരയിലെ മെഡിക്കല്‍ കോളജിലാണ് സിദ്ദിഖ് കാപ്പന്റെ ചികിത്സ. അടിയന്തരമായി ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.