നാളെ മുതല്‍ എറണാകുളത്ത് കടുത്ത നിയന്ത്രണങ്ങള്‍
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാലായിരം കടന്നതോടെ എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.നാളെ മുതല്‍ അടുത്ത ഞായറാഴ്ച വരെയാണ് നിയന്ത്രണം. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഹോട്ടലുകള്‍ ബിവറേജസ് തുടങ്ങിയവയ്ക്ക് അഞ്ചുമണിക്ക് ശേഷം പാര്‍സലുകള്‍ നല്‍കാം. ജിമ്മുകള്‍, തിയറ്ററുകളും, പാര്‍ക്കുകളും എന്നിവ അടച്ചിടും. കല്യാണങ്ങള്‍ക്ക് 30 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രമേ അനുമതിയുള്ളു.
അഞ്ചുമണിക്ക് ശേഷം അനാവശ്യമായി ഇറങ്ങി നടക്കുന്നവര്‍ക്കെതിരെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുക്കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക നിയന്ത്രണങ്ങള്‍ വേണമോയെന്നും സര്‍വകക്ഷി യോഗം തീരുമാനിക്കും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണം എന്നുതന്നെയായിരിക്കും സര്‍വകക്ഷി യോഗത്തിന്റെ നിലപാട്.
എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണിനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ട്. മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. ആഹ്ലാദപ്രകടനങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചേക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഹ്ലാദ പ്രകടനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. മാത്രമല്ല, ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്.
രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ചകളിലും തുടരണമെന്ന നിര്‍ദേശവും ഉയര്‍ന്നേക്കും. ആദ്യ കൊവിഡ് കാലത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള വ്യാപര, വ്യവസായ മേഖലകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതാണ് പ്രധാന കാരണം. ഏഴരക്ക് കടകള്‍ അടക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യാപാര മേഖലയ്ക്ക് അമര്‍ഷമുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികളും ദിവസ വേതന ജോലിക്കാരും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, ദൈനംദിന ജീവിത്തിലും സര്‍വകക്ഷി യോഗം നിര്‍ണായകമാകും.