സിദ്ധീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം ; കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കാതെ പിണറായി

ആരോഗ്യ നില ഗുരുതരമായി തുടരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് 11 എംപിമാര്‍ സംയുക്തമായി കത്ത് നല്‍കി. മഥുര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സിദ്ധീഖ് കാപ്പന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് പതിനൊന്ന് എംപിമാര്‍ സംയുക്തമായി കത്ത് നല്‍കിയത്. മഥുര മെഡിക്കല്‍ കോജേജില്‍ താടിയെല്ല് പൊട്ടിയ നിലയില്‍ ചങ്ങലയിലാണ് കാപ്പന്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇപ്പോള്‍ കൊറോണ ബാധിതനുമാണ്.

ഹേബിയസ് കോര്‍പ്പസ് അപേക്ഷ തീര്‍പ്പാക്കുന്നതു വരെ സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാനും മഥുരയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും എംപിമാര്‍ ആവശ്യപ്പെട്ടു. എം.പിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വികെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എന്‍കെ പ്രേമചന്ദ്രന്‍, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റീസിന് കത്ത് നല്‍കിയത്. അതേസമയം സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന സിദ്ധീഖ് പല തവണ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായില്ല എന്നത് ശ്രദ്ധേയം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും റൈഹാന വ്യക്തമാക്കി. സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും ആശുപത്രിയേക്കാള്‍ ഭേദം ജയിലാണന്നും റൈഹാന ചൂണ്ടിക്കാട്ടി.