18 വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചു ഡല്‍ഹിയും കര്‍ണാടകയും

പതിനെട്ടു വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു കര്‍ണാടക ഡല്‍ഹി സര്‍ക്കാരുകള്‍. കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നടത്തുന്ന എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിനുകള്‍ ലഭ്യമാകുമെന്നും ബുധനാഴ്ച മുതല്‍ യോഗ്യരായവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും യെഡിയൂരപ്പ അഭ്യര്‍ത്ഥിച്ചു. പ്രതിരോധ കുത്തിവയ്പ് സൗജന്യമാക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ വാക്‌സിനേഷന് പ്രേരിപ്പിക്കാനും അങ്ങനെ കോവിഡിന് എതിരെ പ്രതിരോധം ശക്തമാക്കാന്‍ കഴിയുമെന്നും സര്‍ക്കാരുകള്‍ കരുതുന്നു.

അതുപോലെ സര്‍ക്കാര്‍ സെന്ററുകളില്‍ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഇതിനായി 1.34 കോടി ഡോസ് വാക്‌സിന്‍ വാങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് ഒന്നുമുതലാണ് പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഇന്ന് നടന്ന ഓണ്‍ലൈന്‍ പത്രസമ്മേളനത്തിലാണ് അരവിന്ദ് കെജ്രിവാള്‍ വാക്‌സിനേഷനെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വാക്‌സിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാര്‍ക്കും അതിവേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. പതിനെട്ടു മുതല്‍ 44 വയസു വരെ പ്രായമുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കില്ലെന്ന് ഉറപ്പായിരുന്നു. ഈ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകളോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്‌സിന്‍ മാത്രമേ ലഭിക്കൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.